ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ അരക്കുപറമ്പ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മഹാ ക്ഷേത്രമാണ് തിരുനാരായണപുരം ക്ഷേത്രം.
ഇതിഹാസ കാവ്യമായ മഹാഭാരത്തിലെ അരക്കില്ല കഥയുമായി ബന്ധപെട്ട് കിടക്കുന്നതിനാലാണ് അരക്കുപറമ്പിന് ഈ പേരു കിട്ടിയത്. അനേകം ബ്രാഹ്മണ ഗൃഹങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് അരക്കുപറമ്പ്.

അരക്കുകൊണ്ട് നിര്‍മ്മിച്ച ഗൃഹം ഉണ്ടായിരുന്നതിനാല്‍ ഈ സ്ഥലം അരക്കുപറമ്പ് എന്ന് അറിയപ്പെട്ടു തുടങ്ങി. അനേകം ബ്രാഹ്മണരുണ്ടായിരുന്ന അരക്കുപറമ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടു പ്രധാന ബ്രാഹ്മണ ഗൃഹങ്ങള്‍ ആണ്.

കുറച്ചു കാലം മുൻപ് വരെ വാഹന സൗകര്യവും മറ്റും കുറവായതിൽ കുഗ്രാമം എന്ന് വിശേഷിപ്പിക്കുന്ന ഈ ഗ്രാമത്തിന്റെ കഥയും മലബാറിലെ മറ്റു ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമല്ല. നാല്പത്തിരണ്ടു നമ്പൂതിരി ജന്മി കുടുംബങ്ങൾ ഉണ്ടായിരുന്നതിൽ, ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളിലും നാടുവാഴികൾ തമ്മിലുണ്ടായ യുദ്ധങ്ങളിലും ഖിലാഫത് ലഹളയിലും സാമുദായിക കലാപങ്ങളിലും സ്വത്തുക്കളും, പ്രധാനപ്പെട്ട രേഖകളും പ്രമാണങ്ങളും കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതിനെ തുടർന്ന് മിക്കവാറും എല്ലാവരും വിദൂര ദേശങ്ങളിലേക്ക് താമസം  മാറ്റി. എന്നാൽ സ്ഥിതിഗതികൾ ശാന്തമായപ്പോൾ ചിലരെങ്കിലും തിരികെ വന്നതിൽ പ്രധാനമായും മൂന്നു നമ്പൂതിരി ജന്മി കുടുംബങ്ങൾ കറുത്തേടം മന, മൂത്തേടത്തു മന , പുലക്കാട്ടു മന  . എന്നാൽ അതിൽ തന്നെ ഒരു ജന്മികുടുംബമായ പുലക്കാട്ടു മനയിൽ വംശം നിലനിർത്താൻ സന്തതികൾ ഇല്ലാതെ വന്നപ്പോൾ കറുത്തേടത്തു നിന്നും ഒരു ഉണ്ണി യെ ദത്തു എടുത്തു. പിന്നെയും ആ കുടുംബത്തിൽ സന്തതികൾ ഇല്ലാതെ വന്നപ്പോൾ കറുത്തേടത്തു മനയിൽ ലയിക്കുകയും ചെയ്തു.അങ്ങനെയാണ് കറുത്തേടത്തു പുലക്കാട്ടു എന്ന നാമം കൈ വരുകയും ശ്രീ തിരുനാരായണപുരം ക്ഷേത്രത്തിന്റെ ഊരായ്മയിൽ മൂന്നിൽ രണ്ടു ഭാഗം പ്രധാന ഊരാളനായ കറുത്തേടത്തു പുലക്കാട്ടു മനയ്ക്കു കൈവന്നതും മാനേജിങ് ട്രസ്റ്റി ആയി ഇപ്പോഴും തുടരുന്നതും.  എന്നാൽ ഊരായ്മക്കായി തർക്കങ്ങളും കോടതി കേസും ഒക്കെ യായി അവസാനം കോടതി വിധിയോട് കൂടി കറുത്തേടത്തെ കാരണവർ പ്രധാന ഊരാളൻ അഥവാ മാനേജിങ് ട്രസ്റ്റിയായി. കറുത്തേടത്തു പുലക്കാട്ടു മന നീലകണ്ഠൻ (സീനിയർ ) നമ്പൂതിരി മാനേജിങ് ട്രസ്റ്റിയായി തുടർന്നു.അദ്ദേഹത്തിന്റെ കാലശേഷം കറുത്തേടത്തു പുലക്കാട്ടു മന ശ്രീകുമാരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരണം വരെ മാനേജിങ് ട്രസ്റ്റിയായി

മഹാഭാരത കഥയിലെ പ്രതി നായകന്‍ ദുര്യോധനന്‍, പാണ്ഡവരെ ചതിയിലൂടെ വധിക്കാനായി പണി കഴിപ്പിച്ച വീടാണ് "അരക്കില്ലം". പുരോചനനെയാണ് ഇതിനായി നിയോഗിച്ചത്. പുരോചനന്‍, അരക്ക് നെയ്യ് തുടങ്ങി വേഗത്തില്‍ കത്തിപ്പിടിക്കുന്ന വസ്തുക്കളെ കൊണ്ടാണ് അരക്കില്ലം നിര്‍മ്മിച്ചത്.

ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ വിദുരര്‍ ഹസ്തിനാ പുരത്തില്‍ നിന്നു ഖനകനെ പാണ്ടവര്‍ക്കു സഹായത്തിനായി അയച്ചു. കൃഷ്ണ ചതുര്ദ്ദശി ദിവസം അരക്കില്ലം കത്തിക്കാനാണ് പുരോചനന്‍റെ പദ്ധതിയെന്ന് പാണ്ഡവരെ ഖനകന്‍ അറിയിച്ചു. അതിന് മുമ്പെ അവിടെനിന്നു രക്ഷപെടാനുള്ള ഒരു തുരങ്കം അരക്കില്ലത്തിനുള്ളില്‍ നിര്‍മ്മിക്കാം എന്നും ഖനകന്‍ പാണ്ഡവരെ അറിയിച്ചു.

കൃഷ്ണ ചതുര്ദ്ദശി ദിവസം കുന്തി മാതാവ് വരണാവതത്തിലെ (അരക്കുപറമ്പിലെ) ബ്രാഹ്മണരെ ഭാര്യ പുത്ര സമേതം ക്ഷണിച്ചു വരുത്തി അവര്‍ക്ക് ഇഷ്ട ഭോജനവും പണവും വസ്ത്രങ്ങളും നല്‍കി അവരുടെ അനുഗ്രഹം വാങ്ങി. കൃഷ്ണ ചതുര്‍ദ്ദശി ദിവസം രാത്രി അരക്കില്ലം കത്തിച്ചു പാണ്ഡവരെ വധിക്കാനായിരുന്നു പുരോചനന്‍റെ ഗൂഡനീക്കം. രാത്രിയായപ്പോഴേക്കും പുരോചനന്‍ ചാര വൃത്തിക്കായി നിയോഗിച്ച ദാസിയും അഞ്ചു മക്കളും വിഷം കഴിച്ചു ബോധരഹിതരായി കിടക്കുന്നു. ദുരോധനന്‍റെയും പുരോചനന്‍റെയും ചതി മനസ്സിലാക്കിയ ഭീമന്‍, പുരോചനന്‍ കത്തിക്കുന്നത് കാത്തു നില്‍ക്കാതെ അരക്കില്ലത്തിനെ അഗ്നിക്കിരയാക്കി. പാണ്ഡവരും കുന്തീദേവിയും അവിടെ നിന്നും തെക്കേ ദിക്കിലേക്ക് യാത്രയായി. പുരോചനന്‍ അഗ്നിയില്‍ വെന്തുമരിച്ചു. അധര്‍മത്തെ തോല്‍പ്പിച്ച് ധര്‍മം ജയിച്ച ചരിത്രമാണ് അരക്കുപറമ്പിനുള്ളത്.

Comments